Sunday, 18 March 2018

ഓർമകളിലൂടെ

ഓർമകളിലൂടെ...

                                           ഇവുടുന്നു പോയി വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി ഈ കോളേജിലേക്ക് തിരികെ വരണം.ഏറ്റുമാനൂർ വന്നിറങ്ങി കോളേജ് ബസ് വരുന്നതും കാത്തു നിൽക്കണം.അകലെ നിന്ന് അത് വരുന്നത് കാണുമ്പോൾ ആദ്യം കയറാൻ തയാറെടുക്കണം. ഇടിച്ചു കയറി ഏതെങ്കിലും ഒരു സീറ്റിൽ ഇരുന്നിട്ട് നിൽക്കുന്നവരെ ഒരു പുച്ഛത്തോടെ,ഇത്തിരി അഹങ്കാരത്തോടെ നോക്കണം.കോളേജിൽ വന്നിട്ട് ഓരോ ക്ലാസ് റൂമുകളിലെയും ഓർമ്മകൾ അയവിറക്കണം.പേടിയോടെ വന്നു കയറി അത്ഭുതങ്ങളിൽ ആരാധിച്ച ഫസ്റ്റ് ഇയർ ക്ലാസ് റൂം, ആദ്യമായ് സീനിയർസ് ആക്കിയ സെക്കന്റ് ഇയർ ക്ലാസ് റൂം, തകർത്താടി അർമാദിച്ച തേർഡ് ഇയർ ക്ലാസ് റൂം, നൊമ്പരത്തോടെ വിട പറഞ്ഞ ഫൈനൽ ഇയർ ക്ലാസ് റൂം.
                                           തേർഡ് ഇയർ ക്ലാസ്സിന്റെ അവിടുള്ള ആ വരാന്തയിലെ അരഭിത്തിയിൽ കയറി ഇരിക്കണം.അവിടിരുന്നു പണ്ട് പറഞ്ഞ കഥകൾ ഒക്കെ ഓർത്തെടുക്കണം. Animal  House -ൽ പോയി എലികളെയും മുയലുകളെയും കാണണം. പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിക്കണം.അവിടുന്ന് ഇറങ്ങി എല്ലാ ലാബുകളിലും ഒന്ന് കേറണം. ടെസ്റ്റ് ട്യൂബുകളിലും പിപ്പെറ്റിലും ബുറേറ്റിലും ബീക്കറുകളിലും ഒക്കെ കോറിയിട്ട ഓർമ്മക്കുറിപ്പുകൾ പൊടിതട്ടി എടുക്കണം. Weighing balance -ഇന്റെ മുന്നിൽ പോയി നിന്നിട്ട് കയ്യിൽ തൂക്കിനോക്കി weight എടുക്കണം.ഉച്ചക്ക് canteen -ൽ പോയി ഫുഡ് കഴിക്കണം. പണ്ട് അവിടിരുന്നു പങ്ക് വച്ച കുസൃതികൾ ഓർത്തെടുത്തു ചിരിക്കണം. തിരിച്ച വന്നു Medicinal Garden -ൽ ഉള്ള ചട്ടികളോടും ചെടികളുണ്ടെങ്കിൽ അവരോടും ഒരു ഹായ് പറയണം.പിന്നെ ആ പടികളിൽ ഇരുന്നു സെൽഫി എടുക്കണം. ഓഡിറ്റോറിയത്തിൽ കയറി പരീക്ഷ സമയത് കുത്തിവരച്ച കസേരകൾ തപ്പണം. ആ രചനകൾ ഒക്കെ അവിടെ ഉണ്ട് എന്ന് ഉറപ്പ് വരുത്തണം.
                                          പിന്നെ ലൈബ്രറി വരെ ഒന്നു പോണം. പുസ്തകങ്ങളുമായി വല്യ പരിചയം ഇല്ലെങ്കിലും ക്ലാസ് കട്ട് ചെയ്തു വന്നിരുന്ന കസേരകളോടും മേശകളോടും ഓർമ പുതുക്കണം. Sports day - ക്കു മാത്രം പോകുന്ന കോളേജ് ഗ്രൗണ്ടിൽ പോയി കുറച്ച നേരം നിൽക്കണം.തിരിച്ചു ഫൈനൽ ഇയർ ക്ലാസ്സിന്റെ അവിടെ വന്ന് Badminton Court അവിടെത്തന്നെ ഉണ്ടോ എന്ന് ചുമ്മാ ഒന്നു നോക്കണം. പണ്ട് കളിച്ച കളികൾ മനസ്സിൽ REPLAY ചെയ്യണം. എറിഞ്ഞ പറിക്കാൻ മാങ്ങകൾ വല്ലതും ബാക്കിയുണ്ടോ എന്ന് നോക്കണം.
                                          സജി ചേട്ടന്റെ കടയിൽ പോയി മിട്ടായി വാങ്ങണം. കൂളറിൽ നിന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കണം. റെക്കോർഡ് Certify ചെയ്യാൻ കാത്തുനിന്ന സ്റ്റാഫ്‌റൂമുകളുടെ മുന്നിൽ ഒന്നുകൂടെ പോയി നിൽക്കണം. അറിവ് പകർന്ന ഗുരുക്കന്മാരെയെല്ലാം നന്ദിയോടെ സ്മരിച്ചുകൊണ്ട് തിരിച്ചിറങ്ങണം.അക്യുറിയത്തിലെ മീനുകളോട് യാത്ര പറഞ്ഞു പുറത്തു വഴിയിൽ വരണം. അവസാനമായി ഒരിക്കൽ കൂടെ ഒന്ന് തിരിഞ്ഞു നോക്കണം. നനവാർന്ന മിഴികളിൽ കൂടി ആ പഴയ കൂട്ടുകാരൊക്കെ അവിടെ നിൽക്കുന്നത് കാണണം. എന്നോ മറന്ന ആ പഴയ ഓർമകളെ പൊടിതട്ടിയെടുത്തു വീണ്ടും മനസ്സിന്റെ ഒരു മൂലയിൽ പൂട്ടിവച്ചിട്ട് ജീവിത യാഥാർഥ്യത്തിലേക്ക് അലിഞ്ഞു ചേരണം..
Department Of Pharmaceutical Sciences, Cheruvandoor Campus, Ettumanoor, Kottayam
                                                                                         #nandu

Friday, 2 March 2018

ഞാൻ!

ഒരു കഥ എഴുതണം..
അവൻ വേഗം പോയ് പേനയും പേപ്പറും എടുത്തു..
കഴിഞ്ഞ ദിവസങ്ങളിൽ ചുരുട്ടി കൂട്ടിയ പേപ്പറുകൾ മുറിയിൽ അവിടേം ഇവിടേം കിടന്നു അവനെ ചിരിച്ച കാണിക്കുന്നുണ്ട്..
അവരെ ഒന്നും ശ്രദ്ധിക്കാതെ അവൻ തന്റെ മേശക്ക് സമീപം ഉള്ള കസേരയിൽ ഇരുന്നു..
തുടക്കം തന്നെ തലക്കെട്ടെഴുതി..

ഞാൻ!!!
 എങ്ങനെ തുടങ്ങും..??അവൻ ആലോചനയിൽ മുഴുകി..
വാക്കുകൾ ഒക്കെ സമരം ആണോ? ആരും മുന്നോട്ട് വരണില്ല.
ഇനി പേടിച്ചിട്ടാണോ? അതോ നാണം ആണോ?
വാക്കുകൾ ഒക്കെ എവിടെയോ കയറി ഒളിച്ചിരിക്കുന്നു. കുറെ ശ്രമിച്ചു എന്നിട്ടും ഒരു തുടക്കം കിട്ടാനില്ലല്ലോ. പിന്നെങ്ങനെ ഞാൻ കഥ എഴുതും?
ഇന്നലെയും മറ്റും ചുരുട്ടിക്കളഞ്ഞ കടലാസുകൾ ഇപ്പോൾ അവനെ നോക്കി കളിയാക്കിച്ചിരിക്കുന്നത്പോലെ അവനു തോന്നി..എന്തിനു, എഴുതാൻ എടുത്ത പേന പോലും ഒന്ന് അടക്കി ചിരിക്കുന്നുണ്ടോ എന്ന് സംശയം..
അവൻ ആ മുറി മൊത്തം ഒന്ന് നോക്കി. എഴുതി ജീവൻ കൊടുക്കാൻ നോക്കി പാതി വഴിക്ക് ഉപേക്ഷിച്ച എത്രയോ കഥാപാത്രങ്ങൾ..എന്തിനു വേണ്ടി ആയിരുന്നു ഇതെല്ലാം?ആർക്ക് വേണ്ടി ആയിരുന്നു..
ചുരുട്ടിക്കൂട്ടിയ കടലാസുകളിൽ ഒന്ന് എടുത്ത് നോക്കി അവൻ. എന്തൊക്കെയാ എഴുതി വച്ചേക്കുന്നേ?ഇതാണോ അവൻ കണ്ട വളർന്ന, വായിച്ചറിഞ്ഞ മലയാള സാഹിത്യം?? അവനു അവനോട് തന്നെ പുച്ഛം തോന്നി. ഈ ഭാഷ ഉപയോഗിക്കാൻ കഴിവുള്ള എത്രയോ പേർ.അതിനിടയിൽ ഞാൻ എന്താണീ കാണിച്ചു വച്ചിരിക്കുന്നത്? കഴിവ് ഇല്ലാഞ്ഞിട്ടല്ല.അത് നന്നായി ഉപയോഗിക്കാൻ അറിയില്ല.
ഇല്ല.. ഇനി അങ്ങനെ ഉണ്ടാവില്ല.അവൻ തീരുമാനിച്ചു.

പേന അടച്ചു അവൻ കസേരയിൽ നിന്ന് കട്ടിലിലേക്ക് നടന്നു..
അപ്പോൾ ആ മനസ് പറയുന്നുണ്ടായിരുന്നു..
ജീവിതമാണ് എനിക്ക് തൂലിക എന്ന്.. ജീവിതമാണ് എന്റെ കഥകളുടെ  ആത്മാവെന്ന്..
                                                                                 #nandu