Wednesday, 12 August 2020

മൗനം

വിതുമ്പാൻ കൊതിക്കുമെന്നുള്ളം 
പെയ്യാൻ കൊതിക്കുന്ന മാനം പോലെ 
പക്ഷെ 
പെയ്തൊഴിയുന്നില്ലൊരു തുള്ളിപോലും, 
ഉള്ളിൽ തളം കെട്ടി നിൽക്കുന്നു കണ്ണീരും.
മുകിലിനും പെയ്യണം
ആർത്തലച്ചു..
എന്നിലെ നിന്നോർമകൾക്കും,
ഒരുമിഴിനീരായ്....

ഒരുമിച്ചൊരുമിച്ച്....

 ഒരുമിച്ചൊരിത്തിരി നടക്കണം..

ഒരുമിച്ചൊരു മഴ നനയണം..

ഒരുമിച്ചാ പനിച്ചൂടിൽ മൂടിപ്പുതച്ചുറങ്ങണം..

ഒരുമിച്ചൊരു കടൽ കാണണം..

ഒരുമിച്ചൊരുപാട് യാത്ര പോകണം..

ഒരുമിച്ചൊരുമിച്ചു... ഒരുമിച്ചങ്ങനെ..


പക്ഷെ..

ഒരുമിക്കില്ലല്ലോ അല്ലെ..


( ഒടുവില്‍ പട്ടടയില്‍ എരിഞ്ഞു തീരും വരെ ഓര്‍മ്മകള്‍ക്ക് എന്ത് വാര്‍ദ്ധക്യം..💕❤️ )


Friday, 12 June 2020

ചികിത്സ


അക്ഷരങ്ങൾ ഭ്രാന്താണെങ്കിൽ
എഴുതുന്നവൻ ഭ്രാന്തനാണെങ്കിൽ
അതെ ഞാൻ ഒരു
മുഴുപ്രാന്തൻ ആണ്..

എന്ത് ചെയ്യും ഡോക്ടർ??

ചികിത്സ ഒന്നേ ഉള്ളു.
ഒരു പേപ്പറും പേനയും .
മൂന്നു നേരവും എഴുതിക്കോളാൻ പറ.
ആഹാരത്തിനു മുമ്പും ശേഷവും.

ദേഹോപദ്രവം തുടങ്ങിയാലോ?

ഒട്ടും പേടിക്കേണ്ട.
നല്ലതാ, കൊള്ളാം, നന്നായിട്ടുണ്ട് 
എന്നൊക്കെ ഇടക്ക് ഇടക്ക് പറഞ്ഞാൽ മതി.
ശാന്തനായിക്കോളും.

Monday, 8 June 2020

ആമീ..

ആമീ..
പെയ്യാന്‍ നില്‍ക്കുന്ന കാര്‍മേഘത്തിനും
വിടരാന്‍ കൊതിക്കുന്ന പൂമൊട്ടിനും
എന്തിന് അധികം..
തിരിഞ്ഞ് നോക്കാതെ പോകുന്ന നിനക്ക് പോലും അറിയാം..
എനിക്ക് നിന്നോടുള്ള പ്രണയം..
പിന്നെന്തിന് ഈ കത്ത്?
ഒരിക്കല്‍ നീ ഇത് കാണും. അന്ന് നീ നമ്മുടെ മക്കളോട് പറയും..
നിങ്ങടെ അച്ഛൻ എനിക്ക് തരാന്‍ മറന്ന ഞങ്ങടെ പ്രണയ ലേഖനം ആണെന്ന്..
സസ്നേഹം. 

Part5 എന്നെന്നും കൂടെ

"എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ആണ് കടന്നു പോയത്. എന്നെ ഞാൻ ആക്കിയത് ഈ കോളേജ് ആണ്. ഇവിടുത്തെ അധ്യാപകര്‍ ആണ്. ജീവിതം എങ്ങോട്ട് ആണെന്ന് ഒരു പിടിയും ഇല്ല പക്ഷെ ഞാൻ ഈ കോളേജ് ലൈഫ് ഒരുപാട് മിസ്സ് ചെയ്യും". Farewell പ്രസംഗം പറയുന്നതിനു ഇടയില്‍ അവന്റെ കണ്ണു നിറഞ്ഞു. മൈക്ക് താഴെ വച്ച് അവന്‍ നടന്നു. പരിപാടി കഴിഞ്ഞ് യാത്ര പറഞ്ഞ്‌ അവന്‍ ആ കോളജിന്റെ പടി ഇറങ്ങി.. നിറകണ്ണുകളോടെ ആ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ അവന്‍ മനസില്‍ പറയുന്നുണ്ടായിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞു എങ്കിലും ഞാൻ തിരിച്ച് ചെല്ലും. എന്നെ ഞാൻ ആക്കിയ എന്റെ കോളേജിലേക്ക്.. എന്നും എന്റെ കൂടെയുള്ള ആ ഓര്‍മ്മകളുടെ കൂടാരത്തിലേക്ക്..

*എന്നെന്നും കൂടെ*
#fingertipz 

Part4 എന്നെന്നും കൂടെ

"ഞാൻ selfie എടുക്കാൻ പോവാ ട്ടോ.. "
കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാരും ക്ലാസിൽ നിന്ന് അങ്ങോട്ട് ഓടി. ആദ്യം അവിടെ പോയി നിന്നത് അവനായിരുന്നു. ആ കൊച്ചു മൊബൈൽ ക്യാമറയുടെ ഫ്രെയിമില്‍ കൊള്ളാനുള്ള അടിപിടിയില്‍ പല തലകളും പതിഞ്ഞില്ല. എന്തൊക്കെ പറഞ്ഞാലും അവന്റെ തല അതിൽ നടുക്ക് തന്നെ സ്ഥാനം പിടിച്ചിരുന്നു...
" എല്ലാരും ഒരു yo കൊടു. 3,2,1......yoooooo"
ട്രെയിനിൽ കണ്ട ആ കോളേജ് പിള്ളേര് എടുത്ത selfie-ഇല്‍ തന്റെ മുഖം വരാതിരിക്കാന്‍ അവന്‍ നന്നേ പാടു പെട്ടു..

*എന്നെന്നും കൂടെ*
#fingertipz 

Part3 എന്നെന്നും കൂടെ

"ഇന്നലെ ഞാൻ പറഞ്ഞ വർക്ക് ആരും ചെയ്തിട്ടില്ല അല്ലേ?"
Principal മാഡത്തിന്റെ ശബ്ദം കേട്ട് ക്ലാസിന്റെ ഭിത്തി വരെ പേടിച്ചു. നിങ്ങളെ പോലൊരു ബാച്ച് ഈ കോളേജിൽ ഉണ്ടായിട്ടില്ല......... അങ്ങനെ സ്ഥിരം കഥ തുടങ്ങി. അതിനിടക്ക് വന്ന് ഓരോ റെക്കോഡും നോക്കുന്നുണ്ട്. അവന്‍ നന്നായി ഉറങ്ങി വന്നപ്പോളാ അവിടെയും മാഡം വരണേ. വന്ന് തട്ടി വിളിച്ചു അവനെ.. 
"ഞാൻ ചെയതു. ദാ മാഡം റെക്കോഡ് ."
പെട്ടന്ന് TTR പറഞ്ഞു 
"റെക്കോഡ് അല്ല സർ, ടിക്കറ്റ്..."
ടിക്കറ്റ് ചെക്ക് ചെയ്യുന്നതിന് ഇടക്ക് അദ്ദേഹം ചോദിച്ചു.. "കോളേജ് ജീവിതം വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് അല്ലെ"..

*എന്നെന്നും കൂടെ*
#fingertipz 

Part2 എന്നെന്നും കൂടെ

"ചേട്ടോ ഒരു 5 കാപ്പി. ഒരു കട്ടന്‍. വേറെ ഒന്നും വേണ്ടല്ലോ അല്ലെ..."
"ഒരു ബിസ്കറ്റ് കൂടെ മേടിക്കെടാ"
"അയ്യടാ.. ഒന്ന് പോയേ"
കോളേജ് കാൻറ്റീൻ പിന്നെ കുറച്ച് നേരത്തേക്ക് ചന്തയേക്കാൾ കഷ്ടം ആയിരുന്നു. കളിയാക്കലുകള്‍, ഗോസിപ്പ്, പരദൂഷണം.. അങ്ങനെ അങ്ങനെ അങ്ങനെ..
"ദാ 5 കാപ്പി ഒരു കട്ടന്‍" പിന്നെ കുറച്ച് silence.
കിട്ടിയ പാടെ അവന്‍ എടുത്ത് കുടിച്ചു. വാ പൊള്ളിയപ്പോൾ അവന്‍ കണ്ണു തുറന്നു.
" കാഫീ കാഫീ.. Sir കാഫീ" 
"No thanks." 
ആ ട്രെയിൻ പെട്ടന്ന് ഒരു ചൂളം വിളിച്ചു..
ഇടക്ക് ഇടക്ക് വരുന്ന ആ നല്ല ഓര്‍മകളേ പോലെ..

*എന്നെന്നും കൂടെ*
#fingertipz 

Part1 എന്നെന്നും കൂടെ

നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു.. ഒറ്റ നിറത്തില്‍ നിന്നും പല വര്‍ണ്ണങ്ങളിലേക്ക്  മാറുന്ന പകല്‍.. ഇരുട്ടിനെ  വകഞ്ഞ് മാറ്റി cfl വെട്ടങ്ങൾ പല വീടുകളിലും പ്രകാശത്തിന്റെ വാതില്‍ തുറന്നു.. ദൂരെയാത്രകള്‍ എന്നും അവന് പ്രിയപ്പെട്ടതായിരുന്നു .. ഇന്ന്‌ ഈ ട്രെയിനിന്റെ open window-ഉടെ അരികില്‍ ഇരുന്ന് ഏതോ അമ്പലത്തിലെ പ്രഭാത വന്ദനം കേട്ട് പുറകിലേക്ക് ഓടി മറയുന്ന ഇരുണ്ട മരങ്ങളുടെ കൂടെ അവന്റെ ഓര്‍മ്മകളും പുറകിലേക്ക് ഓടി തുടങ്ങി..

*എന്നെന്നും കൂടെ*
#fingertipz 

ഒരു ഓര്‍മ്മക്കുറിപ്പ്.... 7Aug 2019

കൂടെ വന്നവർ ശ്രദ്ധിച്ചോ എന്ന് അറിയില്ല. ഇന്ന്‌ അവസാനം ലാബില്‍ നിന്ന്‌ ഇറങ്ങിയത് ഞാനായിരുന്നു. അതേ, എനിക്കറിയാം ഇനി ഒരിക്കല്‍ കൂടെ ബാഗും തൂക്കി അവിടുത്തെ സ്റ്റുഡന്റ് ആയി ആ ലാബില്‍ നിന്നു ഇറങ്ങാന്‍ എനിക്ക് അവസരം ഇല്ല എന്ന്. ഇറങ്ങുന്ന വഴിക്ക് ഒരുപാട് തവണ ഞാൻ തിരിഞ്ഞു നോക്കി. 6 കൊല്ലമായി കാണുന്നത് ആയിരുന്നു എങ്കിലും എന്തോ ഒരു പ്രത്യേകത ഭംഗി ഇന്ന്‌ ആ ലാബിന് ഉണ്ടായിരുന്ന പോലെ. വണ്ടിയില്‍ കയറി അവിടെ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ അവർ എല്ലാരും വണ്ടിയില്‍ കയറി. അപ്പോള്‍ മനസ്സ് അത് തന്നെ പറഞ്ഞു. ഇത് ഇനി ഇല്ല എന്ന്. തിരിച്ച് വീട്ടിലേക്ക് വണ്ടി ഓടിച്ചു വരുമ്പോൾ ഞാൻ ചിന്തിച്ചു. ഇത്രയും നാൾ ദേഷ്യപ്പെട്ടാണേലും, നാളെ അങ്ങോട്ട് തിരിച്ച് പോകണല്ലോ എന്ന് ചിന്തിച്ച് വന്നിരുന്ന ഞാൻ. നാളെ കഴിഞ്ഞാല്‍ പിന്നെ എന്ത്... ആ കോളേജിന്റെ വെറും ഒരു പൂര്‍വ്വ വിദ്യാർത്ഥി. ഇത്രയും നാൾ അധികാരത്തോടെ നടന്ന വഴികളില്‍ ഇനി വെറും അതിഥിയെ പോലെ ചെല്ലുമ്പോള്‍ ആരൊക്കെ ഓര്‍ക്കും എന്നു പോലും പറയാന്‍ പറ്റില്ല. ഒരുപാട് ശപിച്ചിട്ടുണ്ട് എങ്കിലും ഇപ്പൊ മനസ്സിലാക്കുന്നു. എനിക്ക് ആ കോളേജ് എന്റെ ജീവിതം തന്നെ ആയിരുന്നു എന്നു. എന്നെ ഞാൻ ആക്കിയത് എന്റെ... അല്ല ഞങ്ങടെ DPS ആയിരുന്നു എന്ന്. എല്ലാവർക്കും ഒരുപാട് നന്ദി. എക്കാലവും മനസില്‍ സൂക്ഷിക്കാന്‍ ഒത്തിരി ഓര്‍മകള്‍ തന്നതിന്. ജീവിക്കാൻ പഠിപ്പിച്ചതിനു. ജീവിതം പഠിപ്പിച്ചതിന്..
Department of Pharmaceutical Sciences Cheruvandoor. 

ഞാൻ മാത്രം

നിലാവിന് മഴത്തുള്ളി കൂട്ടായപ്പോൾ
ഈ  പുഴവക്കിൽ 
തോണിക്കാരൻ ഉപേക്ഷിച്ച 
തോണിക്കരുകിൽ ഞാൻ..
ഞാൻ മാത്രം..