Wednesday, 5 July 2023

നിനക്കായ് 💞

എത്ര പെട്ടന്നാണ് നീ  എനിക്ക് പ്രിയപ്പെട്ടവൾ ആയത്...
ഒരു വട്ടം പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് നിന്നെ എത്ര ഇഷ്ടമായി എന്ന് വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല. നമ്മൾ തമാശക്ക് ആണെങ്കിലും എപ്പോളും പറയാറുള്ള ശിവ പാർവതി സങ്കൽപം പോലെ എന്റെ ജീവന്റെ പാതിയാവാൻ സമ്മതം മൂളിയവളെ, നിന്നെ ആദ്യമായ് നേരിട്ട് കാണുന്ന ആ നാളിനായ് ഞാൻ എത്ര കൊതിക്കുന്നുവെന്ന് നിനക്ക് മനസിലാകും. കാരണം എനിക്കറിയാം ആ ഒരു നിമിഷത്തിനായി നീയും ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന്.  തന്റെ പ്രാണനാഥന് വേണ്ടി യുഗാന്തരങ്ങൾക്കപ്പുറം വീണ്ടും പിറവി കൊണ്ട പാർവതി ദേവിയെപ്പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന എന്റെ രാജകുമാരി.. നിന്നെ ഏത് വാക്കു കൊണ്ട് സംബോധന ചെയ്യണം എന്ന് എനിക്ക് ഇപ്പോളും മനസിലാകുന്നില്ല. എന്റെ മനസിന്റെ ശ്രീകോവിലിൽ പ്രണയം എന്ന അഷ്ടബന്ധമിട്ട് നിന്നെ ഞാൻ പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയെന്ത് പ്രതിസന്ധികൾ വന്നാലും ഞാൻ ഒരു താലി പണിയിക്കുന്നുണ്ടെങ്കിൽ അത് നിന്റെ കഴുത്തിൽ ചാർത്താൻ വേണ്ടി മാത്രമായിരിക്കും. എന്റെ പ്രണയവും ഞാനും നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു. 
കുമാരനാശാൻ പറഞ്ഞതുപോലെ.. 
"തന്നതില്ല പരനുള്ള് കാട്ടുവാൻ 
ഒന്നുമേ നരനുപായം ഈശ്വരൻ 
ഇന്ന് ഭാഷ ഇതപൂർണം ഇങ്ങഹോ 
വന്നുപോം പിഴയും അർത്ഥ ശങ്കയാൽ"
നീ എനിക്ക് ആരാണെന്നുള്ളത് വാക്കുകൾ കൊണ്ട് പറഞ്ഞുതരാൻ എനിക്ക് പറ്റുന്നില്ല. എന്റെ അറിവിൽ ഉള്ള വാക്കുകൾ തികയുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹം കാണിക്കുവാൻ. 
അതുകൊണ്ടു തന്നെ ഞാൻ എന്റെ ജീവിതം കൊണ്ട് തെളിയിക്കാം നീ എനിക്ക് എത്ര പ്രിയങ്കരിയാണെന്ന്. തിരിച്ച് പ്രതീക്ഷിച്ചുകൊണ്ടു ആരെയും സ്നേഹിക്കരുത് എന്ന് വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ പ്രതീക്ഷിക്കും, ഞാൻ സ്നേഹിക്കുന്നതിനേക്കാൾ അല്പം കൂടുതൽ നീ എന്നെ സ്നേഹിക്കാൻ. കാരണം ഒരുപക്ഷെ നിനക്ക് അത് സാധിക്കില്ല എന്ന് നമ്മുടെ ജീവിതം കൊണ്ട് എനിക്ക് കാണിച്ചുതരാൻ പറ്റും എന്നുള്ളത് കൊണ്ടാവാം.  
അത്രക്ക് ഇഷ്ട്ടമാണ്. ജീവനാണ്. 


സ്നേഹപൂര്‍വ്വം

No comments:

Post a Comment