Sunday, 16 May 2021

തികച്ചും അപൂർണ്ണം.. (PERFECTLY IMPERFECT )

എന്തിനെന്നു അറിയാത്ത ദുഃഖം പലപ്പോഴായി എന്നിൽ മിന്നി മറഞ്ഞു.എഴുതാൻ ഒരുപാടുണ്ട് ഉളളിൽ. വാക്കുകൾ ഓടിപ്പാഞ്ഞ് നടപ്പുണ്ട് ചുറ്റും. പക്ഷെ എന്താണെനിക്ക് സംഭവിച്ചത്. എന്ത് എഴുതി തുടങ്ങിയാലും ചെന്ന് അവസാനിക്കുന്നത് അവിടെയാണ്. അവളിലാണ്. ഒരു പൂമ്പാറ്റയെപ്പോലെ എനിക്ക് ചുറ്റും പാറിയിട്ട്  എങ്ങോട്ടോ പറന്നകന്നുപോയ, എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായി മാറിയ അവളിൽ.
നേരാണ്.. ഞാനും അവളും തമ്മിൽ പിരിഞ്ഞിട്ട് നാളുകൾ ഒരുപാട് ആയി. തമ്മിൽ കാണാറില്ല.മിണ്ടാറില്ല.എന്തിനു സോഷ്യൽ മീഡിയകളിൽ വരെ BLOCK എന്ന വാക്കിന്റെ ഇരുവശത്തും ആണ് ഞങ്ങൾ 2 പേരും. എന്തിനധികം പറയുന്നു. എന്റെ ഓർമകളിൽ പോലും അവൾ വരാറില്ല. ഞാൻ കൊണ്ടുവരാറില്ല എന്നതാണ് സത്യം. ജോലിയുടെ തിരക്കുകളിൽ മനസ്സ് മുക്കി വച്ച് മനപ്പൂർവം എന്റെ പ്രിയപ്പെട്ട എല്ലാ ഓർമകളിൽ നിന്നും ഞാൻ ഒളിച്ചു നിൽക്കുകയാണ്.
അന്നും ഇന്നും എന്നും പ്രിയപ്പെട്ടതായി ഉള്ളത് ഈ വാക്കുകളായിരുന്നു, അക്ഷരങ്ങളായിരുന്നു. പക്ഷെ ഇപ്പൊ അവിടെയും എനിക്ക് പിഴക്കുന്നു!!!
അത്രക്ക് പ്രിയപ്പെട്ടതായിരുന്നോ എനിക്ക് അവൾ.? ഒരു വേനൽ മഴ പോലെ ഞൊടിയിടയിൽ എന്നിൽ പെയ്ത്  തോർന്ന, എങ്ങോട്ടോ പോയ്‌ മറഞ്ഞ അവൾ? വർഷങ്ങൾ നീണ്ട അതി ഗാഢമായ ബന്ധം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല. ഒരുപാട് നാളത്തെ സൗഹൃദവും ഇല്ല.പക്ഷെ എന്ത് എഴുതി തുടങ്ങിയാലും പാതി വഴിയിൽ നിൽക്കുന്നു. ഒന്നിനും ഒരു പൂർണ്ണതയില്ല. എല്ലാം ചെന്നെത്തി നിൽക്കുന്നത് അവളിലാണ്. 
അതേ.. ഇന്നും അതുപോലെ തന്നെ.!!

ഞാൻ പോലും അറിയാതെ എന്റെ പ്രിയപ്പെട്ടവളായി മാറിയവളെ..
 ഇനിയൊന്നും ഇല്ല, അങ്ങനൊന്നും നമ്മുടെ മനസ്സിൽ പോലും ഉണ്ടായിട്ടില്ല, എങ്കിലും ഒരു സുഹൃത്തായി കാണാൻ എനിക്ക് പറ്റില്ല, തമ്മിൽ കാണാതിരിക്കാൻ പ്രാർത്ഥിക്കാം എന്നൊക്കെ പറഞ്ഞ് തിരികെ വരില്ലെന്ന്  ആ കണ്ണുകളിലൂടെ അറിയിച്ച് നീ അകന്നു പോയപ്പോഴും എന്തെ എന്നിൽ നിന്നും അടർത്തിയെടുത്തില്ല നിന്റെയീ മധുരനൊമ്പര ഓർമ്മകൾ..??
ഇപ്പോൾ മനസ്സിൽ മറ്റൊന്നുമില്ല. പിന്നെയോ? 
ഇതൊക്കെ മറക്കാനായി ഒന്ന് മരിക്കണം! 
ആ ഓർമ്മകളില്ലാതെ പുനർജനിക്കണം,
പിന്നെയങ്ങോട്ട് ജീവിക്കണം. 
ഞാനായി, എന്നിലെ എനിക്കായി.

No comments:

Post a Comment